ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട കായിക പദ്ധതിയായ രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ഇനി മുതല്‍ ഖേലോ ഇന്ത്യയാകും.പ്രധാനപ്പെട്ട രണ്ട് കായിക പദ്ധതികളും ഖോലോ ഇന്ത്യക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ലയിപ്പിച്ചു. രാജീവ് ഗാന്ധിയുടെ പേരിലുള്ള അഞ്ചാമത്തെ പദ്ധതിയുടെ പേരാണ് കേന്ദ്ര സര്‍ക്കാര്‍ ഇതോടെ മാറ്റിയിരിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നതിന് മുന്‍പ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഖേല്‍ അഭിയാന്റെ പേര് മാറ്റി പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ . 9000 കോടി രൂപ ചലവഴിച്ച് രാജ്യത്തെ എല്ലാ ത്രിതല പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതി 2014 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തെങ്കിലും സര്‍ക്കാര്‍ മാറിയതോടെ പദ്ധതി നിര്‍ജ്ജീവമായി.

പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി 140 കോടി വകയിരുത്തിയപ്പോള്‍ തന്നെ പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു.പേര് മാറ്റിയതില്‍ രാഷട്രീയം കാണേണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ കളിക്കട്ടെ എന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കര്‍ പറഞ്ഞു.

നഗരങ്ങളില്‍ സ്റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയും,പുതിയ കായിക പ്രതിഭകളെ കണ്ടെത്താനുള്ള പദ്ധതിയും ഖേലോ ഇന്ത്യയുമായി യോജിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഖേലോ ഇന്ത്യക്ക് തുടക്കമിടും.മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ നെഹ്റു കുടുംബാംഗങ്ങളുടെ പേരുകളുള്ള പദ്ധതികള്‍ മാറ്റിയിരുന്നു.ഇന്ദിരാ ആവാസ് യോജന,രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ്‍ യോജന അടക്കം സുപ്രധാന പദ്ധതികളുടെ പേരുകള്‍ ഇതിന് മുന്നോടിയായി മോദി സര്‍ക്കാര്‍ മാറ്റിയിരുന്നു.