ലണ്ടന്‍: റേസിംഗ് ട്രാക്കില്‍ 50കളിലും അറുപതുകളുടെ തുടക്കത്തിലും വേഗം കൊണ്ട് തീപാറിച്ച ഇതിഹാസ കാറോട്ടക്കാരന്‍ സ്റ്റിർലിങ് മോസ് അന്തരിച്ചു. തൊണ്ണൂറാം വയസില്‍ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങല്‍. മരണവിവരം അദേഹത്തിന്‍റെ ഭാര്യയാണ് ലോകത്തെ അറിയിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍ പോലും മുത്തമിടാനാകാഞ്ഞിട്ടും ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരമായാണ് മോസ് വിലയിരുത്തപ്പെടുന്നത്. 

സിംഗപ്പൂരില്‍ വെച്ച് 2016ല്‍ ആദ്യമായി നെഞ്ചില്‍ ബാധിച്ച അണുബാധ മൂർഛിച്ചാണ് മരണം എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. രണ്ട് വർഷം മുന്‍പ് പൊതുവേദികളില്‍ നിന്ന് ഇതിഹാസം താരം പിന്‍മാറിയിരുന്നു. 

1962ല്‍ കാറപടത്തില്‍ ഒരു മാസക്കാലം അബോധാവസ്ഥയില്‍ ആയതിനെ തുടർന്ന് 31-ാം വയസില്‍ ട്രാക്കിനോട് വിടപറഞ്ഞു മോസ് . ഫോർമുല വണ്ണില്‍ മത്സരിച്ച 61ല്‍ പതിനാറിലും മോസിന് വിജയിക്കാനായി. 1955നും 58നും ഇടയിലായി ഡ്രൈവേഴ്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നാല് തവണ റണ്ണേഴ്‍സ്അപ്പായി. മൂന്ന് തവണ മൂന്നാംസ്ഥാനത്ത് എത്താനുമായി ഇതിഹാസ താരത്തിന്.