തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിന് പ്രശംസയുമായി ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് വിസ്മയം ഡേവിഡ് ബൂണ്‍.ടെസ്റ്റ് വേദിയായി ഉയരാന്‍ സ്റ്റേഡിയത്തിന് കഴിയുമെന്ന് ബൂണ്‍ പറഞ്ഞു. ടാസ്മാനിയയില്‍ നിന്നുളള മന്ത്രിതല സംഘത്തിന്റെ ഭാഗമായാണ് ഓസ്‍ട്രേലിയന്‍ മുന്‍ ഓപ്പണറും ഐസിസി മാച്ച് റഫറിയുമായ ഡേവിഡ് ബൂണ്‍ തിരുവനന്തപുരത്തെത്തിയത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചുറ്റി നടന്ന് കണ്ട ബൂണ്‍, ഡ്രോപ്പ് ഇന്‍ പിച്ചൊരുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കെസിഎക്ക് നിര്‍ദശവും നല്‍കി.പിന്നാലെ കെസിഎ അക്കാഡമിനെറ്റ്സ് സെഷന്‍. പത്ത് വര്‍ഷത്തിന് ശേഷം ബാറ്റ് കൈയിലെടുത്തപ്പോള്‍ ബാഗി ഗ്രീന്‍ ക്യാപ്പിലെ ഓര്‍മ്മകളിലായി ബൂണ്‍.

അതേസമയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഏറ്റെടുക്കാന്‍ കെസിഎ തീരുമാനിച്ചു. ഇതിനായുള്ള ധാരണാപത്രത്തില്‍ കെസിഎയും സ്റ്റേഡിയം പ്രൊമോട്ടര്‍മാരും തിങ്കളാഴ്ച ഒപ്പിടും. അടുത്ത ഐപിഎല്‍ സീസണില്‍ കാര്യവട്ടത്തും മത്സരം ഉണ്ടാകുമെന്നാണ് കെസിഎയുടെ പ്രതീക്ഷ.