തിരുവനന്തപുരം: ടി20 ക്രിക്കറ്റിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കോലിയും കൂട്ടരും ഇന്ന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. കീവികള്‍ക്കെതിരെ ഇതുവരെ ടി20 പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് ഇല്ലാതാക്കുകയാണ് കോലിപ്പടയുടെ ലക്ഷ്യം. ഇന്ന് ജയിച്ചാല്‍ കീവികള്‍ക്കെതിരെ കന്നി പരമ്പര വിജയം എന്ന ചരിത്രനേട്ടം ടീം ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ തിരുവനനന്തപുരത്ത് ഇന്നും തുടര്‍ന്നേക്കാമെന്ന കാലാവസ്ഥാ പ്രവചനം ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നുണ്ട്. റണ്‍സൊഴുകുന്ന പിച്ചാണ് മല്‍സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ കെസിഎ സംഘടിപ്പിച്ച സന്നാഹമല്‍സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും 180ന് മുകളില്‍ സ്‌കോര്‍ പിറന്നിരുന്നു. മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഓരോ കളികള്‍ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായതിനാല്‍ തിരുവനന്തപുരത്തെ കളിക്ക് ഫൈനലിന്റെ പ്രതീതിയാണ്.

ഇന്ത്യ പതിവുപോലെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ധവാന്‍, രോഹിത്, കോലി എന്നിവര്‍ മികച്ച ഫോമിലാണ്. പാണ്ഡ്യയുടെ വെടിക്കെട്ടിലും ഇന്ത്യ കണ്ണുവെയ്‌ക്കുന്നുണ്ട്. മധ്യനിരയുടെ പ്രകടനം മെച്ചപ്പെടുകയുംവേണം. ഭുവനേശ്വര്‍കുമാറും ജസ്‌പ്രിത് ബൂംറയും നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും റണ്‍സൊഴുക്ക് തടയുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. മറുവശത്ത് ഒരുപിടി മികച്ച താരങ്ങള്‍ കീവി നിരയിലുണ്ട്. ഗുപ്‌റ്റില്‍, വില്യംസണ്‍ എന്നിവര്‍ ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. അതേസമയം ഓപ്പണറായ കോളിന്‍ മണ്‍റോ ബാറ്റിങിലും ഇടംകൈയന്‍ പേസര്‍ ട്രെന്‍റ് ബൗള്‍ട്ട് ബൗളിംഗിലും കീവികളുടെ തുറുപ്പ് ചീട്ടുകളാണ്.

വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം തുടങ്ങുന്നത്. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്‌ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്‌ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. മല്‍സരത്തിനായി കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.