ഗ്രീസ്മാനെ പുകഴ്ത്തി മെസി രംഗത്ത് വന്നിരുന്നു

മാഡ്രിഡ്: ആന്‍റോണിയോ ഗ്രീസ്മാന്‍ ബാഴ്സലോണയിലേക്ക് കൂട് മാറാന്‍ തയാറെടുക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ലയണ‍ല്‍ മെസിയും സുവാരസുമെല്ലാം ഈ വാര്‍ത്തകളെ ശരിവെയ്ക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍, ബാഴ്സ മോഹത്തെപ്പറ്റി സൂചന നല്‍കിയെങ്കിലും തന്നെ വളര്‍ത്തിയ അത്‍ലറ്റിക്കോ മാഡ്രിഡ് വിടുന്ന കാര്യത്തെപ്പറ്റി ഫ്രഞ്ച് താരത്തില്‍ നിന്ന് കൂടുതല്‍ പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

പക്ഷേ, ലോകകപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലോകകപ്പിന് പന്തുരുണ്ട് തുടങ്ങുന്ന ജൂണ്‍ 14ന് മുമ്പ് തന്നെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കി. അത്‍ലറ്റിക്കോയുമായി നാലു വര്‍ഷത്തെ കരാറാണ് ഗ്രീസ്മാന് ബാക്കിയുള്ളത്. ഇരുപത്തേഴുകാരനായ ഫ്രഞ്ച് താരം ഈ സീസണിലും മിന്നുന്ന പ്രകടമാണ് കാഴ്ചവെച്ചത്. അത്‍ലറ്റിക്കോയ്ക്കായി എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 29 ഗോളുകള്‍ ഫ്രഞ്ച് താരം സ്വന്തമാക്കി.

അത്‍ലറ്റിക്കോ ക്ലബ് പ്രസിഡന്‍റ് എന്‍‍റിക്വേ സെറേസോയും സഹതാരം ഡിയാഗോ കോസ്റ്റയും ഗ്രീസ്മാന്‍ ക്ലബ് വിടില്ലെന്നാണ് പ്രതീക്ഷയാണ് പങ്കുവെച്ചത്. നേരത്തേ, ബാഴ്‌സ- ഗ്രീസ്മാന്‍ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ പൊടിപൊടിക്കുന്നതിനിടെയായിരുന്നു മെസി ഗ്രീസ്മാനെ പുകഴ്ത്തി രംഗത്ത് എത്തിയത്. ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ഗ്രീസ്മാനെന്നും താരം നൗ കാംപിലെത്തിയാല്‍ സന്തോഷമേയുള്ളൂവെന്നും മെസി വ്യക്തമാക്കി. എന്നാല്‍, ഗ്രീസ്മാനെ ബാഴ്സ അധികൃതര്‍ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ അത്‌ലറ്റിക്കോ മാനേജ്മെന്‍റ് പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബാഴ്സയ്ക്ക് മാപ്പ് പറയേണ്ടിയും വന്നിരുന്നു.