മുംബൈ: ക്രിക്കറ്റിലെ ചരിത്രനേട്ടം വേണ്ടെന്ന് വച്ച് ഇന്ത്യന്‍ സഖ്യം. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിനുള്ള ലോക റെക്കോര്‍ഡാണ് മഹാരാഷ്ട്രയുടെ സ്വപ്നിൽ ഗുഗാലെ-അന്‍കിത് ബൗണെ സഖ്യം 30 റൺസ് അകലെ കൈയൊഴിഞ്ഞത്. രഞ്ജി ട്രോഫിയിൽ ദില്ലിക്കെതിരെ മൂന്നാം വിക്കറ്റില്‍ 594 റൺസ് കൂട്ടിച്ചേര്‍ത്ത ഇരുവര്‍ക്കും സംഗക്കാര ജയവര്‍ധനെ സഖ്യത്തിന്റെ 624 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാനായി 30 റണ്‍സ് അകലമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഗുഗാലെ-അന്‍കിത് സഖ്യം ലോക റെക്കോര്‍ഡ് നേട്ടം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് സംഗക്കാരയും ജയവര്‍ധനെയും ചേര്‍ന്ന് 624 റൺസ് കൂട്ടിച്ചേര്‍ത്ത് ലോകറെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയത്. സ്വപ്നില്‍ 351 ഉം ബൗൺ 258ഉം റൺസ് നേടി പുറത്താകാതെ നിന്നു.

റെക്കോര്‍ഡ് നേട്ടം പടിവാതിലില്‍ നില്‍ക്കെ ടീം സ്കോര്‍ 653/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ കൂടിയായ ഗുഗാലെ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റനായിരുന്ന കേദാര്‍ ജാദവ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിനാലാണ് ഗുഗാലെ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ദില്ലി വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്.