റൈസിങ് പൂനെ ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു ഓവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെയാണ് ലയണ്‍സ് അനായാസം മറികടന്നത്. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 49 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നല്‍കിയ മികച്ച തുടക്കമാണ് ഗുജറാത്ത് ലയണ്‍സിന് അനായാസജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 37 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് ഫിഞ്ച് 50 റണ്‍സെടുത്തത്. കൂടുതല്‍ ആക്രമിച്ചുകളിച്ച മക്കല്ലം, 31 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തി. സുരേഷ് റെയ്‌ന 24 റണ്‍സെടുത്തപ്പോള്‍ ഡ്വെയന്‍ ബ്രാവോ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
സ്‌കോര്‍- റൈസിങ് പൂനെ സൂപ്പര്‍ജെയ്‌ന്റ്സ്- 20 ഓവറില്‍ അഞ്ചിന് 163 & ഗുജറാത്ത് ലയണ്‍സ് 18 ഓവറില്‍ മൂന്നിന് 164
ടോസ് നേടി ബാറ്റുചെയ്‌ത് റൈസിങ് പുനെയ്‌ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. 69 റണ്‍സെടുത്ത് ഫാഫ് ഡുപ്ലെസിസാണ് ടോപ്‌സ്‌കോറര്‍. 43 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിംഗ്സ്. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ 31 പന്തില്‍ 37 റണ്‍സെടുത്തു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും പീറ്റേഴ്‌സണ്‍ നേടി. ആജിന്‍ക്യ രഹാനെ 21 റണ്‍സും നായകന്‍ എം എസ് ധോണി പത്തു പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി. ഗുജറാത്ത് ലയണ്‍സിനുവേണ്ടി പ്രവിണ്‍ ടാംബെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
രണ്ടു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റ് നേടിയ ഗുജറാത്ത് ലയണ്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
