കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനും ബാറ്റിങ് തകര്‍ച്ച. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളത്തെ 185ന് പുറത്താക്കി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31ന് രണ്ട് എന്ന നിലയിലാണ്.

കല്‍പറ്റ: കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനും ബാറ്റിങ് തകര്‍ച്ച. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളത്തെ 185ന് പുറത്താക്കി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31ന് രണ്ട് എന്ന നിലയിലാണ്. പ്രിയങ്ക് പഞ്ചല്‍ (8), കതന്‍ ഡി പട്ടേല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. സന്ദീപ് വാര്യര്‍ക്കാണ് രണ്ട് വിക്കറ്റും. കേരളത്തിന് ഒപ്പമെത്താന്‍ ഇനിയും അവര്‍ക്ക് 185 റണ്‍സ് കൂടെ വേണം. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ, ബേസില്‍ തമ്പിയുടെ 37 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ 150 കടത്തിയത്. ബേസില്‍ തന്നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ബാറ്റിങ്ങിനിടെ പരിക്കേറ്റ് പുറത്ത് പോയ സഞ്ജു സാംസണ് (17) പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിച്ചില്ല. പി. രാഹുല്‍ (26), മുഹമ്മദ് അസറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (8), സച്ചിന്‍ ബേബി (0), വിനൂപ് (21), വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (14), നിതീഷ് (8) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ പ്രകടനം. സന്ദീപ് വാര്യര്‍ (4) പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി ഗജ നാലും നാഗ്വാശ്വാല മൂന്നും വിക്കറ്റ് വീഴ്ത്തി. 

ഒരു ഘട്ടത്തില്‍ 51ന് ഒന്ന് ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. എന്നാല്‍ നാല് പന്തുകള്‍ക്കിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍, സിജോമോന്‍, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് പൊടുന്നനെ നഷ്ടമായത്. വിനൂപ്- സഞ്ജു സഖ്യം 46 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി പിടിച്ചു നിന്നെങ്കിലും വിനൂപ് മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ചെറിയ കൂട്ടുക്കെട്ടുകള്‍ പോലും കേരള താരങ്ങളില്‍ നിന്നുണ്ടായില്ല.