ദില്ലി: ദക്ഷിണാഫ്രിക്കയിൽ ടീം ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ഭീഷണി എതാണെന്ന് വെളിപ്പെടുത്തി ഓഫ് സ്‌പിന്നര്‍ ഹര്‍ഭജൻ സിങ് രംഗത്തെത്തി. ഏറെക്കാലത്തിനുശേഷം ദക്ഷിണാഫ്രിക്കൻ ടീമിൽ മടങ്ങിയെത്തിയ ഡേൽ സ്റ്റെയിനെ നേരിടാൻ ഇന്ത്യ നന്നേ ബുദ്ധിമുട്ടുമെന്നാണ് ഭാജി വിലയിരുത്തുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറായിരുന്നു ഡേൽ സ്റ്റെയിൻ. എന്നാൽ, തോളെല്ലിനേറ്റ പരിക്ക് കാരണം സ്റ്റെയിൻ ഒരു വര്‍ഷത്തോളമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബോക്‌സിങ് ഡേയിൽ തുടങ്ങുന്ന ചതുര്‍ദിന ടെസ്റ്റ് മൽസരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടം നേടിയ സ്റ്റെയിൻ ഇന്ത്യയ്‌ക്കെതിരെയും കളിച്ചേക്കുമെന്നാണ് സൂചന. ഏറെക്കാലത്തിനുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന സ്റ്റെയിൻ എത്രത്തോളം വെല്ലുവിളിയാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏറെ അനുഭവസമ്പത്തുള്ള സ്റ്റെയിനിനെയും മോര്‍ക്കെലിനെയും ഒരിക്കലും എഴുതിത്തള്ളാനാകില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് ഉപയോഗിക്കുന്ന കുക്കാബുറ പന്ത് ബാറ്റ്‌സ്‌മാൻമാര്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇരുപത് ഓവര്‍ കഴിഞ്ഞാൽ ഈ പന്തിന്റെ സ്വിങ് വര്‍ദ്ധിക്കുന്നതും റിവേഴ്സ് സ്വിങ് ചെയ്യിക്കാനാകുന്നതുമൊക്കെ തിരിച്ചടിയാകുക ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാര്‍ക്കായിരിക്കും. എന്നാൽ ആറാം നമ്പരിൽ ഇറങ്ങുന്ന ബാറ്റ്‌സ്‌മാൻ ഏറെ നിര്‍ണായകമാകും. രോഹിത് ശര്‍മ്മയായിരിക്കും ആ സ്ഥാനത്ത് ഏറെ യോജിക്കുക. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തിൽ നന്നായി കട്ട്ഷോട്ടും പുള്‍ഷോട്ടും കളിക്കാൻ അറിയുന്നവര്‍ക്ക് തിളങ്ങാനാകുമെന്നും ഹര്‍ഭജൻ പറഞ്ഞു.