Asianet News MalayalamAsianet News Malayalam

ഹര്‍ദിക്ക് ന്യൂസിലാന്‍റില്‍ ടീമിനൊപ്പം ചേരണം, രാഹുല്‍ തിരുവനന്തപുരത്ത് എ ടീമിനൊപ്പവും; താരങ്ങളെ തിരിച്ചുവിളിച്ച് ബിസിസിഐ

ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ മത്സരങ്ങളിലേക്ക് തിരിച്ചുവിളിച്ച് ബിസിസിഐ. ഹര്‍ദിക്കിനോട് ഇന്ത്യന്‍ ടീമിന്‍റെ ന്യൂസിലാന്‍റ് പര്യടനത്തില്‍ എത്രയും പെട്ടെന്ന് ചേരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

Hardik Pandya asked to join India squad in New Zealand
Author
Delhi, First Published Jan 25, 2019, 1:33 AM IST

ദില്ലി: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും  ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ മത്സരങ്ങളിലേക്ക് തിരിച്ചുവിളിച്ച് ബിസിസിഐ. ഹര്‍ദിക്കിനോട് ഇന്ത്യയുടെ ന്യൂസിലാന്‍റ് പര്യടനത്തില്‍ ടീമിനൊപ്പം എത്രയും പെട്ടെന്ന് ചേരാന്‍ നിര്‍ദേശിച്ചു. കെഎല്‍ രാഹുലിനോട് തിരുവനന്തപുരത്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്‍റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായി എത്താനുമാണ് നിര്‍ദേശം.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. അന്വേഷണം വൈകുന്നതിനാല്‍ വിലക്ക് പിന്‍വലിക്കാന്‍  സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി പിഎസ് നരസിംഹ ബിസിസിഐയോട്  നിര്‍ദേശിച്ചത് പ്രകാരമായിരുന്നു വിലക്ക് നീക്കിയ നടപടി.  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും അത്രയും കാത്തുനില്‍ക്കാതെ ഉടന്‍ മത്സരത്തിലേക്ക് മടങ്ങാനാണ് ഇപ്പോള്‍ ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. 

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെ എല്‍ രാഹുലിന്‍റെ വെളിപ്പെടുത്തല്‍.

രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് താരങ്ങളെ ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിലേക്കും ഇരുവരെയും പരിഗണിച്ചില്ല. പരിപാടിയിൽ പങ്കെടുത്തതുകൊണ്ടാണ് താരങ്ങൾ ഈ ​ഗതിയിലായതെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അവതാരകനായ കരണ്‍ ജോഹര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios