ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ബെംഗളൂരു: ഐപിഎല്ലിന്‍റെ കലാശപ്പോരാട്ടം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയ ബിസിസിഐയുടെ തീരുമാനത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. സുരക്ഷാ കാരണങ്ങളാലാണ് വേദി മാറ്റിയതെന്ന വാദങ്ങളെ കര്‍ണാടക ആഭ്യന്തര മന്ത്രി പൂർണ്ണമായും തള്ളി. തീരുമാനത്തിന് പിന്നിൽ സാമ്പത്തിക ലാഭവും സ്റ്റേഡിയത്തിലെ സീറ്റുകളുടെ കുറവുമാണെന്ന് മന്ത്രി പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നഗരത്തിൽ ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി. പോലീസോ, ഐപിഎൽ അധികൃതരോ, ആർസിബി മാനേജ്‌മെന്‍റോ ഒരു ഘട്ടത്തിലും ആശങ്ക അറിയിച്ചിട്ടില്ല. സുരക്ഷയാണ് കാരണമെങ്കിൽ അത് അംഗീകരിക്കാനാവില്ല, ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
മത്സരം മാറ്റാനുള്ള യഥാർത്ഥ കാരണം സ്റ്റേഡിയത്തിലെ കുറഞ്ഞ സീറ്റുകളാണെന്ന സൂചനയാണ് മന്ത്രി നൽകിയത്. ചിന്നസ്വാമിയിലെ പരിമിതമായ സൗകര്യങ്ങൾ ടിക്കറ്റ് വരുമാനത്തിലൂടെ വലിയ ലാഭം ലക്ഷ്യമിടുന്ന ബിസിസിഐക്ക് വെല്ലുവിളിയായേക്കാം.ആകെ 33,000 സീറ്റുകൾ മാത്രമാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ ഏകദേശം 8,000 സീറ്റുകൾ സ്പോൺസർമാർക്കും മറ്റുമായി മാറ്റിവെക്കണം. ബാക്കി വരുന്ന 25,000 സീറ്റുകൾ മാത്രം വെച്ച് ഫൈനൽ പോലുള്ള ഒരു മെഗാ ഇവന്‍റ് നടത്തുന്നത് ബിസിസിഐക്ക് ലാഭകരമായിരിക്കില്ല. ഒരു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തിരഞ്ഞെടുക്കാൻ കാരണമിതാണെന്നും പരമേശ്വര കൂട്ടിച്ചേർത്തു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ഭാഗത്തുനിന്നുള്ള ചില ആവശ്യങ്ങൾ ബിസിസിഐ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമായതിനാലാണ് വേദി മാറ്റിയതെന്ന് ഐപിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക വിവരമൊന്നുമില്ലെന്നാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചത്. ബിസിസിഐയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കെഎസിഎ വക്താവ് വിനയ് മൃത്യുഞ്ജയ പറഞ്ഞെങ്കിലും വേദി നഷ്ടമായതിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.
മെയ് 31-നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഫൈനൽ നടക്കുക. മെയ് 26ന് ധരംശാലയില്‍ ആദ്യ ക്വാളിഫയറും മെയ് 27ന് മുള്ളൻപൂരില്‍ എലിമിനേറ്ററും മെയ് 29ന് മുള്ളൻപൂരില്‍ രണ്ടാം ക്വാളിഫയറും നടക്കും. ചിന്നസ്വാമിയിൽ കപ്പടിക്കാമെന്ന ആർസിബി ആരാധകരുടെ പ്രതീക്ഷകൾക്ക് വേദി മാറ്റം വലിയ തിരിച്ചടിയാണ്.
