ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തിളങ്ങിയാണ് ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയശില്‍പിയായത്. ഒരുഘട്ടത്തില്‍ അഞ്ചിന് 87 റണ്‍സ് എന്ന നിലയില്‍ പതറിപ്പോയ ഇന്ത്യയെ, ധോണിക്കൊപ്പം മുന്നോട്ട് നയിച്ചത് പാണ്ഡ്യയായിരുന്നു. 66 പന്ത് മാത്രം നേരിട്ട ഹര്‍ദ്ദിക് പാണ്ഡ്യ അഞ്ച് വീതം സിക്‌സറുകളും ബൗണ്ടറികളും പറത്തിയാണ് 83 റണ്‍സെടുത്തത്. തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം പാണ്ഡ്യ പുറത്താകുമ്പോള്‍ ഇന്ത്യ 40.5 ഓവറില്‍ ആറിന് 205 എന്ന ഏറെക്കുറെ സുരക്ഷിതമായ സ്‌കോറില്‍ എത്തിയിരുന്നു. പാണ്ഡ്യയുടെ പ്രകടനം അവിടെ തീര്‍ന്നില്ല. ഇന്ത്യ ബൗള്‍ ചെയ്‌തപ്പോഴും പാണ്ഡ്യ വിസ്‌മയം കാട്ടി. ഒരു റണ്‍സെടുത്ത സ്റ്റീവന്‍ സ്‌മിത്ത്, ഒരു റണ്‍സെടുത്ത ട്രവിസ് ഹെഡ് എന്നിവരെയാണ് പാണ്ഡ്യ പുറത്താക്കിയത്. ഓസീസ് ടീമില്‍ നിര്‍ണായകമായയേക്കാവുന്ന ബാറ്റ്‌സ്‌മാന്‍മാരെയാണ് പാണ്ഡ്യ പുറത്താക്കിയത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തത്. ഓസീസ് നിരയില്‍ ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെലിനെ പുറത്താക്കാന്‍ പാണ്ഡ്യ എടുത്ത ക്യാച്ചും ഏറെ നിര്‍ണായകമായി. കളിയുടെ എല്ലാ മേഖലയിലും തിളങ്ങിയതുകൊണ്ടാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരവും പാണ്ഡ്യയ്‌ക്ക് സ്വന്തമായത്.