ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടെയ്‌നറായിരുന്ന വീരേന്ദര്‍ സെവാഗിന്റെ കടുത്ത ആരാധികയായിരുന്നു വനിതാ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഹര്‍മന്‍പ്രീത്. എന്നാല്‍ സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം സാക്ഷാല്‍ സെവാഗ് പോലും ഹര്‍മന്‍പ്രീതിന്റെ കടുത്ത ആരാധികയായിരിക്കുന്നു. 'എന്തൊരു ഇന്നിംഗ്സായിരുന്നു അത്. ഒരു ടീമിന്റെ 60 ശതമാനത്തിലധികം റണ്‍സ് ഒറ്റയയടിക്ക് അടിച്ചെടുത്ത ഹര്‍മന്‍ കളിച്ചത് ജീവതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്നായിരുന്നു' ഹര്‍മന്റെ പ്രകടനം കണ്ട് വീരു പറഞ്ഞത്.

ഇഷ്ട താരമായ സേവാഗിനെപ്പോലെ പന്ത് കാണുക, അടിച്ചു പറത്തുക എന്ന സിംപിള്‍ ലോജിക്ക് തന്നെയാണ് ഹര്‍മന്റെയും കൈമുതല്‍. ഓസ്ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗ് ആദ്യമായി വനിതകള്‍ക്കായി ബിഗ് ബാഷ് ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ഇന്ത്യയില്‍ അവരാദ്യം തെരഞ്ഞത് ഹര്‍മനെയായിരുന്നു. അത് വെറുതെയായിരുന്നില്ലെന്ന് ഹര്‍മന്റെ ഇന്നലത്തെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. സിഡ്നി തണ്ടേഴ്സിലൂടെയായിരുന്നു ഹര്‍മന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്.

Scroll to load tweet…

അന്ന് അരങ്ങേറ്റ മത്സരത്തില്‍ ഹര്‍മന്‍ കവറിനു മുകളിലൂടെ ലോഫ്റ്റഡ് ഷോട്ടിലൂടെ സിക്സറടിക്കുന്നത് കണ്ട് സാക്ഷാല്‍ ഗില്‍ക്രിസ്റ്റ് പോലും പറഞ്ഞത് താന്‍ കണ്ടതില്‍വെച്ചേറ്റവും മികച്ച ക്രിക്കറ്റ് ഷോട്ടുകളിലൊന്നാണ് അതെന്നായിരുന്നു. ഇതാദ്യമായല്ല ഹര്‍മന്‍ ഇന്ത്യയുടെ രക്ഷകവേഷം അണിയുന്നത്. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ ഏറ്റവും ഉയർന്ന ലക്ഷ്യം പിന്തുടർന്നു ജയിച്ചപ്പോൾ അതിന്റെ അമരത്തു നിന്നത് 31 പന്തിൽ 46 റൺസ് അടിച്ചെടുത്ത കൗറായിരുന്നു. തീര്‍ന്നില്ല, ഹര്‍മന്റെ വീരകഥകള്‍. വനിതാ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലൊന്നില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയത്തിനായി അവസാന രണ്ട് പന്തില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ അഞ്ചാം പന്ത് സിക്സറിനു പറത്തിയ ഹര്‍മന്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് കൂടി അടിച്ചെടുത്ത് ഇന്ത്യയെ ജയത്തിലെത്തിച്ചു.

നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് 28കാരിയായ ഹര്‍മന്‍. ക്യാപ്റ്റന്‍ മിതാലി രാജ് കളമൊഴിയുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായിക തൊപ്പി തനിക്കിണങ്ങുമെന്ന് മുമ്പ് ഹര്‍മന്‍ തെളിയിച്ചിട്ടുണ്ട്.