ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്ന തെളിവുകളുമായി ഹസിന്‍ രംഗത്ത്
കൊല്ക്കത്ത: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഷമി പ്രായത്തട്ടിപ്പ് നടത്തി എന്നതാണ് ഹസിന്റെ പുതിയ ആരോപണം. ടീമില് കയറിപ്പറ്റാന് വ്യാജ ജനന സര്ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എട്ട് വയസ് വ്യത്യാസമാണ് യഥാര്ത്ഥ പ്രായവുമായി ഷമിക്കുള്ളതെന്നും ഹസിന് പറയുന്നു.
ഈ വ്യാജ സര്ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഷമി സംസ്ഥാന, ദേശീയ ടീമുകളില് കളിക്കുന്നതെന്നും ഹസിന് ജഹാന് ആരോപിക്കുന്നു. ഷമിയുടെ പ്രായം തെളിയിക്കുന്ന ഡ്രൈവിംഗ് ലൈസന്സിന്റെ കോപ്പി ഹസിന് ഫേസ്ബുക്കില് പങ്കുവെച്ചിട്ടുണ്ട്. ഷമി ജനിച്ചത് 1990ലാണ് എന്നാണ് പെതുവില് അറിയപ്പെടുന്നത്. എന്നാല് ഹസിന് പുറത്തുവിട്ട ഡ്രൈവിംഗ് ലൈസന്സിലെ വിവരങ്ങള് പ്രകാരം ഷമി ജനിച്ചത് 1982ലാണ്.
ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹസിന് ജഹാന് നേരത്തെയും രംഗത്തെത്തിയിരുന്നു. ഗാര്ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധങ്ങള് തുടങ്ങിയ ആരോപണങ്ങളാണ് ഷമിക്കെതിരെയുണ്ടായത്. തുടര്ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള് ഉള്പ്പെടെ ചുമത്തി എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു. എന്നാല് പുതിയ ആരോപണങ്ങളില് ഷമിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.

