'ഷമിയെ തനിക്ക് കാണണം'; വേദനയോടെ ഹസിന്‍ ജഹാന്‍

First Published 26, Mar 2018, 11:08 PM IST
hasin jahan wants to meet mohammed shami
Highlights
  • ഷമിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഹസിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല‍. ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ ഷമിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഷമിക്കെതിരെ കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ടു. പിന്നാലെ വാര്‍ഷിക കരാര്‍ ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കി. എന്നാല്‍ റദ്ദാക്കിയ കരാര്‍ ബി ഗ്രേഡായി പുതുക്കിയപ്പോഴേക്കും വാഹനാപകടത്തില്‍ പരിക്കേറ്റു.

ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഷമി ചികിത്സ തേടിയിരുന്നു. അപകടത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന ഷമിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹസിനിപ്പോള്‍. തിങ്കളാഴ്ച്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഹസിന്‍ ജഹാന്‍ തന്‍റെ ആഗ്രഹം വ്യക്തമാക്കിയത്. 

ഷമി തന്നോട് ചെയ്ത തെറ്റുകള്‍ക്കെതിരെയാണ് പോരാടുന്നത്. ശാരീരികമായി ഷമി വേദനിക്കുന്നത് കാണാന്‍ ആഗ്രഹമില്ല. ഷമി ചിലപ്പോള്‍ എന്നെ ഭാര്യയായി കാണുന്നുണ്ടാവില്ല. എന്നാല്‍ അദേഹം ഇപ്പോഴും എന്‍റെ ഭര്‍ത്താവാണ്. ഇതിനാല്‍ ഞാന്‍ സ്നേഹിച്ചുകൊണ്ടിരിക്കുന്നു. മകള്‍ക്കൊപ്പം ഷമിയെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ഹസിന്‍ പറയുന്നു. 

ഷമി ഇപ്പോള്‍ എവിടെയാണെന്ന് കുടുംബാംഗങ്ങളും തന്നോട് പറയുന്നില്ല. തിങ്കളാഴ്ച്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹസിന്‍ ജഹാന്‍ പറഞ്ഞു. നേരത്തെ ഹസിന്‍റെ പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്ത പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിവയാണ് പരാതിയിലുണ്ടായിരുന്നത്. 

loader