ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും മികച്ച കായികക്ഷമത ആര്‍ക്കാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഒരുനിമിഷം പോലും വൈകണ്ട. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തന്നെയാണത്. എങ്ങനെയാണ് കായികക്ഷമത മികച്ച നിലയില്‍ കോലി നിലനിര്‍ത്തുന്നത്. കഠിനമായ പരിശീലനം തന്നെയാണ് അതിനുള്ള ഉത്തരം. വ്യായാമത്തിനും ജിമ്മിലുമായി മറ്റാരേക്കാള്‍ കൂടുതല്‍ സമയം കോലി ചെലവിടാറുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്ക്കും ഇന്ത്യന്‍ നായകന്‍ തയ്യാറല്ല. എന്തിനാണ് ഈ കഠിനപരിശീലനമെന്ന ചോദ്യത്തിനുള്ള ഉത്തരം കോടി തന്നെ നല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ കഠിനമായി പരിശീലിച്ചെങ്കില്‍ മാത്രമെ കുറഞ്ഞത് എട്ടു വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനാകു. പരമാവധി പത്ത് വര്‍ഷം വരെയെങ്കിലും ഇനിയും ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അത് സാധ്യമാകണമെങ്കില്‍ മികച്ച കായികക്ഷമത നിലനിര്‍ത്താനാകാണമെന്നും കോലി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങിലാണ് കോലി ഇക്കാര്യം പറഞ്ഞത്. ആരോഗ്യകാര്യങ്ങളിലൊന്നും കാര്യമായി ശ്രദ്ധിക്കാറില്ലായിരുന്നുവെന്ന് കോലി പറഞ്ഞു. എന്നാല്‍ ഏതാനം വര്‍ഷം മുമ്പ് ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായി വീട്ടില്‍പ്പോയപ്പോഴാണ് തന്റെ ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഏറെ മോശമായി ഇരിക്കുന്നതായി തോന്നി. അതുവരെ സമയത്ത് ആഹാരം കഴിക്കുകയോ, വ്യായാമത്തില്‍ കൃത്യത പാലിക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ പിന്നീട് എല്ലാ ശീലങ്ങളും മാറ്റി. ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ഭക്ഷണശീലവും വ്യായാമവും ജിമ്മുമൊക്കെ ശീലമാക്കി. പിന്നീട് അതിലൊന്നും ഒരു മുടക്കവും വരുത്തിയിട്ടില്ലെന്നും കോലി പറഞ്ഞു. തന്റെ കായികക്ഷമതയില്‍ വന്ന മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയ ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദിനും നന്ദി പറയുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും തനിക്ക് ഏറെ ഉപകാരം ചെയ്തതായി കോലി പറയുന്നു.