മിലാന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയതോടെ യുവന്‍റസിന് വേണ്ടാതായ അര്‍ജന്‍റീനിയന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിന്‍ എ.സി. മിലാനിലെത്തി. താരം മെഡിക്കലിനായി മിലാനിലെത്തിയ കാര്യം ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പരസ്പര ധാരണയോടെ മിലാനില്‍ നിന്ന് യുവന്‍റസിലേക്ക് മടങ്ങിയെത്തിയ ലിയോണാര്‍ഡോ ബെനൂച്ചിയുടെ മെഡിക്കല്‍ ടൂറിനില്‍ പൂര്‍ത്തിയായി.

രണ്ടു വര്‍ഷത്തെ മികച്ച പ്രകടനത്തിന് ശേഷമാണ് നാപ്പോളിയില്‍ നിന്ന് യുവെയിലെത്തിയ ഹിഗ്വെയിന്‍ വീണ്ടും ക്ലബ് മാറുന്നത്. 73 മത്സരങ്ങളില്‍ ഇറ്റാലിയന്‍ ക്ലബ്ബിനായി ബൂട്ടണിഞ്ഞ അര്‍ജന്‍റീനിയന്‍ മുന്നേറ്റ നിര താരം 40 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ലീഗും കോപ്പ ഇറ്റാലിയയും സ്വന്തമാക്കുന്നതില്‍ ഹിഗ്വെയിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. അതേസമയം, 35 കളികളിലാണ് ബെനൂച്ചി മിലാന്‍റെ ജഴ്സിയണിഞ്ഞത്. യുവെയുടെ പ്രതിരോധ നിരയില്‍ ആന്‍ഡ്രിയേ ബാര്‍സഗെല്ലി, ജിയോര്‍ജിയോ ചെല്ലിനി എന്നിവരോടൊപ്പം ഇനി ബെനൂച്ചിയും കളം നിറയും. 2010 മുതല്‍ 2017 വരെ യുവെയും താരമായിരുന്നു ബെനൂച്ചി.