ഐസിസിയുടെ, 2017 ക്രിക്കറ്റ് പുരസ്‍കാരങ്ങള്‍ തൂത്തുവാരി കയ്യടി നേടുകയാണ് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‍കാരവും ടെസ്റ്റിലെയും ഏകദിനത്തിലെയും മികച്ച നായകനുള്ള അവാര്‍ഡും കോലിക്കാണ്. അവാര്‍ഡ് നേട്ടത്തിന് വിരാട് കോലി ഐസിസിക്ക് നന്ദി അറിയിച്ചു.
ഞാന്‍ 2012ല്‍ ഏകദിനതാരത്തിനുള്ള ഐസിസി പുരസ്‍കാരം നേടിയിട്ടുണ്ട്. എന്നാല്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‍സ് ട്രോഫി ആദ്യമായാണ് ലഭിക്കുന്നത്. ഇത് എനിക്ക് വലിയ ബഹുമതിയാണ്. ലോകക്രിക്കറ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കുന്നതും അഭിമാനമാര്‍ഹമാണ്. കഴിഞ്ഞ തവണ ആര്‍ അശ്വിനും ഇത്തവണ എനിക്കും ലഭിച്ചു. ഞങ്ങളുടെ കഠിനാദ്ധ്വാനം പരിഗണിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. മറ്റ് അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുന്നു- വിരാട് കോലി പോസ്റ്റ് ചെയ്‍ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.
