ലണ്ടന്‍: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന ദിനം ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 322 റണ്‍സിന്റെ വിജയലക്ഷ്യം വീന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്കോ‌ര്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയിറ്റിന്റെയും ഷായ് ഹോപ്പിന്റെയും മികവിലാണ് വീന്‍ഡീസ് മറികടന്നത്. ഹോപ്പ് 120 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ബ്രാത്ത്‌വെയിറ്റ് 95 റണ്‍സടിച്ചു. സ്കോര്‍ ഇംഗ്ലണ്ട് 258, 490/8 ഡിക്ലയേര്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് 427, 322/5.

മൂന്നാം വിക്കറ്റില്‍ ബ്രാ‌ത്ത്‌വെയ്റ്റ്-ഹോപ് സഖ്യം നേടിയ 144 റണ്‍സാണ് വിന്‍ഡീസ് ജയത്തിന്റെ അടിത്തറ. ആദ്യ ഇന്നിംഗ്സിലും ഇരുവരും തന്നെയാണ് വിന്‍ഡീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. നാലാം വിക്കറ്റില്‍ 246 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്. ബ്രാത്ത്‌വെയ്റ്റ് പുറത്തായശേഷം ക്രീസിലെത്തിയ റോസ്റ്റന്‍ ചേസും ബ്ലാക്‌വുഡും ഹോപ്പിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ അസാധ്യമെന്ന് കരുതിയ ജയം വിന്‍ഡീസ് കൈപ്പിടിയിലൊതുക്കി.

2012നുശേഷം ഇംഗ്ലണ്ടില്‍ വിന്‍ഡീസ് നേടുന്ന രണ്ടാമത്തെയും 2000നുശേഷം രണ്ടാമത്തെയും ടെസ്റ്റ് വിജയമാണിത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. വിന്‍ഡീസിന്റെ ജയത്തോടെ പരമ്പര 1-1 സമനിലയിലായി.