മൊഹാലി: പതുക്കെ തുടങ്ങി, നിലയുറപ്പിച്ച ശേഷം ബൗളര്‍മാരെ തച്ചുതകര്‍ത്താണ് രോഹിത് ശര്‍മ്മ മൂന്നാം ഇരട്ട സെഞ്ചുറി നേടിയത്. ശ്രീലങ്കക്കെതിരെ 115 പന്തില്‍ സെഞ്ചുറി നേടിയ രോഹിതിന് ഇരട്ട സെഞ്ചുറി നേടാന്‍ പിന്നീടുള്ള 36 പന്തുകളെ വേണ്ടിവന്നുള്ളൂ. 40-ാം ഓവറില്‍ വ്യക്തതിഗത സ്കോര്‍ 101ല്‍ നിന്ന രോഹിത് അവസാന ഓവറിലെത്തിയപ്പോള്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി.
12 കൂറ്റന്‍ സിക്‌സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റില്‍ ധവാനൊപ്പം 115 റണ്‍സെടുത്ത രോഹിത്, രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സും കൂട്ടിച്ചേര്‍ത്തു. പതുക്കെ തുടങ്ങിയ രോഹിത് സെഞ്ചുറി നേടിയ ശേഷം അവസാന ഓവറുകളില്‍ ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിക്കുന്നതാണ് കണ്ടത്.
