ചെന്നൈ: ഐപിഎല്‍ ലേലം പൂര്‍ത്തിയാകുമ്പോള്‍ അത്ഭുത താരം ആരാണ്, സംശയമില്ല തങ്കരശ് നടരാജന്‍ തന്നെ. ദാരിദ്ര്യത്തിന്‍റെ ഭൂതകാലത്തെ തട്ടിമാറ്റിയാണ് നടരാജന്‍ ഇന്ന് ഐ.പി.എല്‍ താരമാണ്. ഇന്ന് നടന്ന ഐ.പി.എല്‍ താരലേലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നടരാജനെ സ്വന്തമാക്കി. മൂന്ന് കോടി രൂപയ്ക്കാണ് പഞ്ചാബ് ഈ താരത്തെ സ്വന്തമാക്കിയത്. ഐ.പി.എല്ലിലേക്ക് വഴിതുറന്നതോടെ ഈ പ്രതിഭയെ ഇനി ലോകം ശ്രദ്ധിക്കുമെന്ന് ഉറപ്പ്. 

സേലത്ത് നിന്ന് 38 കിലോമീറ്റര്‍ മാറിയുള്ള ചിന്നാംപെട്ടിയെന്ന കുഗ്രാമത്തിലാണ് നടരാജന്‍ ജനിച്ചത്. ഒരു സാരി കമ്പനിയില്‍ തുച്ഛവരുമാനം മാത്രം ലഭിക്കുന്ന ജോലി കൊണ്ടാണ് പിതാവ് നടരാജനെയും മറ്റ് നാല് മക്കളെയും വളര്‍ത്തിയത്. അമ്മ പലഹാര കച്ചവടം ചെയ്തും പണം കണ്ടെത്തിയിരുന്നു. 
നടരാജന് രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. അച്ഛന്റെയും അമ്മയുടെയും തുച്ഛ വരുമാനം മതിയാകുമായിരുന്നില്ല ആ കുടുംബത്തിന് കഴിയാന്‍. 

അതുകൊണ്ട് ദാരിദ്രത്തിലാണ് നടരാജനും സഹോദരങ്ങളും വളര്‍ന്നത്. എങ്കിലും ജീവിതത്തിലെ വെല്ലുവിളികള്‍ തന്റെ പ്രതിഭയെ തളര്‍ത്താന്‍ ഈ യുവാവ് അനുവദിച്ചില്ല. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഈ 25കാരന്‍ 20-മത്തെ വയസ് വരെ ടെന്നീസ് ബോളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 

സ്‌കൂള്‍ ടീമിലോ കോളജ് ടീമിലോ കളിച്ചിട്ടില്ല. മികച്ച ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് അഞ്ച് വര്‍ഷത്തിനകം നടരാജന്‍ ഐ.പി.എല്‍ താരമാകുന്നത്. 

ഗ്രാമവാസിയായ ജയപ്രകാശ് എന്നയാള്‍ നടരാജനിലെ പ്രതിഭയെ കണ്ടെത്തിയതാണ് ഈ ചെറുപ്പക്കാരന്റെ ജീവതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ചെന്നൈയില്‍ എത്തിയ നജരാജന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഫോര്‍ത്ത് ഡിവിഷന്‍ ലീഗില്‍ ബി.എസ്.എന്‍.എല്ലിന് വേണ്ടി കളിച്ചു. 

2012-13ല്‍ വിജയ് ടീമിലും ജോളി റോവേഴ്‌സിലും കളിച്ച നടരാജന്‍ 2015ല്‍ രഞ്ജിയില്‍ എത്തി. രഞ്ജിയിലൂടെ പ്രതിഭ തെളിയിച്ചതാണ് നടരാജനെ ഐ.പി.എല്ലില്‍ എത്തിച്ചത്.