വിന്‍ഡീസിനെതിരെ ആദ്യ ഇന്നിംഗ്സില്‍ റെക്കോര്‍ഡ് സ്വന്തമാക്കി കോലി. കോലിക്ക് മുന്നില്‍ ഏഷ്യയില്‍ നിന്ന് മറ്റ് താരങ്ങളാരുമില്ല. വ്യക്തിഗത സ്കോര്‍ 27ല്‍ നില്‍ക്കേയാണ് കോലി റെക്കോര്‍ഡിലെത്തിയത്...  

ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനായി കൂടുതല്‍ റണ്‍സ് നേടിയ ഏഷ്യന്‍ താരമെന്ന നേട്ടം കോലി ഈ ഇന്നിഗ്‌സോടെ കരസ്ഥമാക്കി. വ്യക്തിഗത സ്കോര്‍ 27ല്‍ നില്‍ക്കേയാണ് കോലി നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ കോലി 45 റണ്‍സെടുത്തിരുന്നു.

നായകനായി 42 മത്സരങ്ങളില്‍ 17 ശതകങ്ങളടക്കം 4233 റണ്‍സ് കോലിക്കുണ്ട്. 65.12 ആണ് കോലിയുടെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ നായകന്‍ മിസ്‌ബ ഉള്‍ ഹഖിന്‍റെ സമ്പാദ്യം 4214 റണ്‍സാണ്. ശരാശരി 51.39 റണ്‍സും. എന്നാല്‍ ലോക ക്രിക്കറ്റില്‍ ടെസ്റ്റ് നായകന്‍മാരില്‍ ഗ്രയാം സ്‌മിത്ത്(8659), അലന്‍ ബോര്‍ഡര്‍(6623) റിക്കി പോണ്ടിംഗ്(6524) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ നായകരില്‍ കോലിക്ക് പിന്നില്‍ എംഎസ് ധോണിക്കാണ് രണ്ടാം സ്ഥാനം. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി 3454 റണ്‍സ് നേടി. 47 മത്സരങ്ങളില്‍ 3449 റണ്‍സ് സ്വന്തമാക്കിയ സുനില്‍ ഗവാസ്കറാണ് മൂന്നാമത്.