നോര്‍ത്ത് സൗണ്ട് : പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് താന്‍ എന്ന് മഹേന്ദ്ര സിംഗ് ധോണി. വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തിലെ തന്റെ മികച്ച പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍റെ മറുപടി. മൂന്നാം ഏകദിനത്തില്‍ 79 പന്തില്‍ നിന്ന് 78 റണ്‍സാണ് ധോണി നേടിയത്. ഈ പ്രകടത്തിന്റെ മികവിലാണ് വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തത്. ധോണിയായിരുന്നു ഈ കളിയിലെ മാന്‍ ഓഫ് ദ് മാച്ചും.

അടുത്തകാലത്തായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിംഗ്സുകള്‍ പിറന്നിട്ടില്ല. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരുന്നു. ധോണിയെ ഇപ്പോഴും ബിസിസിഐ എ ഗ്രേഡ് താരമായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ പ്രത്യേക സമിതി അംഗം രാമചന്ദ്ര ഗുഹ രാജിവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി, ഇപ്പോള്‍ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്.

അതേസമയം, വിന്‍ഡീസിനെതിരേയുള്ള മൂന്നാം ഏകദിനത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമല്ലെന്ന് കളിക്കുശേഷം ധോണി പ്രതികരിച്ചു. ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാരായ ആര്‍. അശ്വിനും കുല്‍ദീപ് യാദവും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ധോണി ചൂണ്ടിക്കാട്ടി. ഇരുവരും മൂന്നുവിക്കറ്റ് വീതമാണ് വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി.