മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമാവാന്‍ വിരാട് കോലിയുടെ നായകത്വത്തില്‍ കഴിയുമെന്ന് പുതിയ പരിശീലകന്‍ രവി ശാസ്ത്രി. എല്ലാ സാഹചര്യങ്ങളിലും തിളങ്ങാനുള്ള കഴിവ് ഈ ടീമിനുണ്ടെന്നും ലണ്ടനില്‍ നിന്ന് ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും ഇന്ത്യന്‍ പരിശീലക ചുമതലയേറ്റെടുക്കാന്‍ മനസുകൊണ്ട് തയാറെടുക്കുയാണെന്നും ശാസ്ത്രി വ്യക്തമാക്കി.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗിനിറങ്ങാന്‍ പറഞ്ഞാല്‍ അതൊരു വെല്ലുവിളിയാണ്. ഇത്തരം വെല്ലുവിളികള്‍ എനിക്ക് പുതുമയല്ല. അതേറ്റെടുക്കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്. ഗാംഗുലിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങളിരുവരും ഇന്ത്യയുടെ മുന്‍ നായകന്‍മാരാണെന്നും പറഞ്ഞ ശാസ്ത്രി തര്‍ക്കങ്ങളുണ്ടാകാമെങ്കിലും അതെല്ലാം പരസ്പര ബഹുമാനത്തോടെയാണെന്നും ശാസ്ത്രി പറഞ്ഞു.
സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവടരങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി തെരഞ്ഞെടുത്തത്. സഹീര്‍ ഖാനെ ബൗളിംഗ് കോച്ചായും വിദേശ പരമ്പരകളില്‍ രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേശകനായും തെരഞ്ഞെടുത്തിരുന്നു.
