ചര്‍ച്ചിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു

ഐ ലീഗ് ഫുട്ബോളില്‍ മിനര്‍വ്വ പഞ്ചാബിന് കന്നി കിരീടം. ചര്‍ച്ചില്‍ ബ്രദേര്‍സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മിനര്‍വ്വ കിരീടം ചൂടിയത്. ഇതോടെ ഐ ലീഗ് നേടുന്ന ആദ്യ ഉത്തരേന്ത്യന്‍ ക്ലബ് എന്ന നേട്ടം മിനര്‍വ്വ സ്വന്തമാക്കി. 15-ാം മിനുറ്റില്‍ ആസീദുവാണ് മിനര്‍വ്വയുടെ വിജയഗോള്‍ നേടിയത്.

പതിനെട്ടില്‍ 11 മത്സരങ്ങള്‍ വിജയിച്ച് 35 പോയിന്‍റുമായാണ് മിനര്‍വ്വയുടെ കിരീടം. അതേസമയം ഒമ്പത് മത്സരങ്ങള്‍ ജയിച്ച് 32 പോയിന്‍റുള്ള നെരോക്ക എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. മോഹന്‍ ബഗാന്‍ മൂന്നാമതും ഈസ്റ്റ് ബഗാന്‍ നാലാമതുമായി സീസണ്‍ അവസാനിപ്പിച്ചു. അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് സമനില വഴങ്ങിയ ഗോകുലം കേരള ഏഴാം സ്ഥാനത്താണ്.