കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം എഫ്‌സിക്ക് നാലാം തോല്‍വി. നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയോട് ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഗോകുലം ഹോം ഗ്രൗണ്ടില്‍ കീഴടങ്ങിയത്. 45-ാം മിനുറ്റില്‍ ഗോകുലത്തിന്‍രെ ഡാനിയല്‍ അസോ വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഐസ്വാള്‍ മുന്നിലെത്തി. 52-ാം മിനുറ്റില്‍ ലാമാന്‍കിമയുടെ പാസില്‍ നിന്ന് ലൊണാസ്ക്യൂ രണ്ടാം ഗോളും കണ്ടെത്തി.

ആറ് മത്സരങ്ങളില്‍ നാലില്‍ തോറ്റ ഗോകുലം നാല് പോയിന്‍റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. അതേസമയം മൂന്ന് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയുമായി ഐസ്വാള്‍ ആറാം സ്ഥാനത്തെത്തി. ജനുവരി പന്ത്രണ്ടിന് അണ്ടര്‍17 ലോകകപ്പ് താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ആരോസുമായി കോഴിക്കോടാണ് ഗോകുലം എഫ്‌സിയുടെ അടുത്ത മത്സരം.