കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളയ്ക്ക് അട്ടിമറി ജയം. ഗോകുലം ഒന്നിനെതിരെ രണ്ട് ഗോളിന് കരുത്തരായ മോഹന്‍ ബഗാനെ അട്ടിമറിച്ചു. കളി തീരുന്നതിന് തൊട്ടുമുന്‍പ് ഹെന്‍റി കിസേക്ക നേടിയ ഗോളാണ് ഗോകുലത്തിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ബഗാന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 

എഴുപത്തിയാറാം മിനിറ്റില്‍ മഹമൂദ് അല്‍ അജ്മിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. തൊട്ടുപിന്നാലെ ഡിപാന്‍ഡ ഡിക്കയിലൂടെ ബഗാന്‍ ഒപ്പമെത്തി. കളി സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ ആയിരുന്നു കിസേക്കയുടെ വിജയഗോള്‍. ലീഗില്‍ ഗോകുലത്തിന്‍റെ നാലാം ജയമാണിത്. 13 പോയിന്‍റുമായി ഒന്‍പതാം സ്ഥാനത്തേക്ക് ഉയരാനും ഗോകുലത്തിനായി. 

21 പോയിന്‍റുള്ള ബഗാന്‍ നാലാം സ്ഥാനത്താണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മിനര്‍വ പഞ്ചാബ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും.