സ്‌റ്റേഡിയത്തില്‍ പിച്ചുണ്ടാക്കുന്നത് ഫുട്‌ബോളിനെ സാരമായി ബാധിക്കും. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ എവിടെ സംഘടിപ്പിച്ചാലും കാണാന്‍ ആളുണ്ടാകും.
കൊച്ചി: ഇന്ത്യ- വീന്ഡീസ് ഏകദിന മത്സരം കൊച്ചിയില് നടത്താനുള്ള കെസിഎ തീരുമാനത്തിനെതിരെ ഫുട്ബോള് ഇതിഹാസം ഐ.എം വിജയന്. ഫിഫയുടെ അംഗീകാരമുള്ള കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിനായി ഉപയോഗിക്കുന്നത് വളരെയധികം വേദനിപ്പിക്കുന്നു. സ്റ്റേഡിയത്തില് പിച്ചുണ്ടാക്കുന്നത് ഫുട്ബോളിനെ സാരമായി ബാധിക്കും. ക്രിക്കറ്റ് പിച്ചുള്ള ഫുട്ബോൾ സ്റ്റേഡിയം ലോകത്ത് മറ്റൊരിടത്തും കാണില്ല. സ്വന്തം വീട് കുത്തിപ്പൊളിക്കുന്ന വേദനയാണ് ഇക്കാര്യത്തിൽ തോന്നുന്നതെന്ന് മുന് ഇന്ത്യന് താരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ക്രിക്കറ്റ് മത്സരം ഇന്ത്യയില് എവിടെ സംഘടിപ്പിച്ചാലും കാണാന് ആളുണ്ടാകും. ക്രിക്കറ്റിനായി മികച്ച സ്റ്റേഡിയം കാര്യവട്ടത്തുണ്ട്. ഇന്ത്യാ- ന്യൂസീലാൻഡ് ടി20 ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നേരിൽ കണ്ടിരുന്നു. മണിക്കൂറുകളോളം മഴ പെയ്തിട്ടും ആരും സ്റ്റേഡിയം വിട്ടു പോയില്ല. അത്രത്തോളം നമ്മളെല്ലാം ക്രിക്കറ്റിനെ സ്നേഹിക്കുന്നുണ്ട്. എന്നാല് അണ്ടർ 17 ലോകകപ്പ്, ഐ.എസ്.എൽ മത്സരങ്ങൾ വൻ ആരാധക പിന്തുണയോടെ നടത്തിയ കൊച്ചി തന്നെ ക്രിക്കറ്റിന് വേണമെന്ന് വാദിക്കുന്നത് ശരിയല്ല.
സ്റ്റേഡിയത്തിൽ പിച്ച് നിർമ്മിക്കുന്നത് ഇനി വരാൻ സാധ്യതയമുള്ള ഫിഫയുടെ മത്സരങ്ങൾ ഇല്ലാതാക്കും. ഭാവിയിൽ അണ്ടർ 20 ലോകകപ്പ് ഉൾപ്പെടെയുള്ളവയ്ക്ക് ഫിഫ ഇന്ത്യയെ പരിഗണിച്ചാൽ അണ്ടർ 17 ലോകകപ്പ് വിജയമാക്കിയ കൊച്ചിക്ക് മത്സരം നഷ്ടമാകും. അതിനാൽ കൊച്ചിയിൽ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും സംഘടിപ്പിക്കുന്നത് തന്നെയാണ് നല്ലത്. രണ്ടിടത്തെ സ്റ്റേഡിയങ്ങളും മികച്ച സൗകര്യങ്ങളുള്ളവയാണ്. വിവാദങ്ങളുണ്ടാക്കാതെ കെ.സി.എയ്ക്ക് അനായാസം ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്നും ഐ.എം വിജയൻ പറഞ്ഞു.
താനും ജോ പോള് അഞ്ചേരിയുമടക്കുള്ള താരങ്ങള് നിരവധി തവണ കൊച്ചിയില് കളിച്ചിട്ടുണ്ട്. ഗ്രൗണ്ടിൽ പിച്ച് നിര്മ്മിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള് നന്നായി അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ കൊച്ചിയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഇയാൻ ഹ്യൂം, സി.കെ വിനീത്, റിനോ ആന്റോ എന്നിവർ രംഗത്തെത്തിയിരുന്നു. ശശി തരൂർ എം.പിയും കെ.സി.എ തീരുമാനത്തെ വിമർശിച്ചിരുന്നു. നവംബറിലാണ് വിൻഡീസിനെതിരായ ഏകദിനം.
