കൊല്‍ക്കത്ത: ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. ആരാധകര്‍ ചോദിക്കുന്നു എപ്പോളാണ് 300 റണ്‍സ് നേടുന്നതെന്ന്. ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത് ഭക്ഷണം കഴിക്കുന്നതും പോലെ അനായാസ കാര്യമെന്നാണ് ആരാധകര്‍ കരുതുന്നത്. കൂടുതല്‍ പ്രതീക്ഷകളര്‍പ്പിക്കുന്ന ആളുകളാണ് ഇന്ത്യക്കാര്‍. അതിനാല്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ പരിശ്രമിക്കുമെന്നാണ് ഹിറ്റ്മാന്‍ വ്യക്തമാക്കിയത്.

ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഏകതാരമാണ് രോഹിത് ശര്‍മ്മ. അഞ്ച് താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേട്ടം കൈവരിച്ചിട്ടുള്ളത്. ഓസീസിനെതിരെ 209 റണ്‍സ് നേടിയ രോഹിത് ശ്രീലങ്കയ്കക്കെതിരെ 264 അടിച്ച് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി എന്നാല്‍ രണ്ട് ഇരട്ട സെഞ്ചുറികളും ഒരുപോലെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നാണ് രോഹിതിന്‍റെ നിലപാട്. 

ഓപ്പണറായ ശിഖര്‍ ധവാനെയും വിരാട് കോലിയെയും തുടക്കത്തിലെ നഷ്ടപ്പെട്ട സ്ഥാനത്തായിരുന്നു ഓസീസിനെ രോഹിത് കൈകാര്യം ചെയ്തത്. എന്നാല്‍ പരിക്കിനു ശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിതിന് ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ലങ്കക്കെതിരെ മികച്ച പ്രകടനം അനിവാര്യമായിരുന്നു. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന അഭിമുഖത്തിലാണ് രോഹിത് മനസുതുറന്നത്.