ദുബായ്: ടെസ്റ്റ് ചാന്പ്യൻഷിപ്പിനും ഏകദിന ഇന്റർനാഷണൽ ലീഗിനും ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലി(ഐസിസി)ന്റെ പച്ചക്കൊടി. ഏറെ ചർച്ചകൾക്കു കൂടിയാലോചനകൾക്കുശേഷം ഐസിസി ചീഫ് എക്സിക്യുട്ടിവ് ഡേവ് റിച്ചാർഡ്സണാണ് ഓക്ലൻഡിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒന്‍പതു ടീമുകൾ ആറു പരമ്പരകള്‍ കളിക്കുന്നതാണ് ടെസ്റ്റ് സീരീസ് ലീഗ്. രണ്ടു വർഷങ്ങളിലായി നടക്കുന്ന പരമ്പരകളില്‍ മൂന്നു ഹോം മാച്ചുകളും മൂന്ന് എവേ മാച്ചുകളും ഉൾപ്പെടുന്നു. പരമ്പരയില്‍ ഏറ്റവും കുറഞ്ഞത് രണ്ടു ടെസ്റ്റുകളും പരമാവധി അഞ്ചു ടെസ്റ്റുകളും കളിക്കണം. സിംബാബ്വെ, അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ ടീമുകളെ ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കില്ല. 2019 ലോകകപ്പിനുശേഷമാവും ടെസ്റ്റ് സീരീസ് ലീഗ് ആരംഭിക്കുക.
2020ൽ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുള്ള ഏകദിന ലീഗിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ഐസിസിയുടെ 12 പൂർണ അംഗങ്ങളും ഐസിസി ലോക ക്രിക്കറ്റ് ലീഗ് ചാന്പ്യൻഷിപ്പ് ജേതാവും ഉൾപ്പെടുന്നു. 2023 ലോകകപ്പിനുമുന്‍പ് രണ്ടുവർഷമെടുത്ത് ലീഗ് നടത്താനാണ് ഐസിസിയുടെ പദ്ധതി.
