ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് മുന്നില്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മികച്ച പ്രകടനം കുല്‍ദീപ് യാദവിനെ ലോക റാങ്കിംഗില്‍ ആദ്യ പത്തിലെത്തിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ യുവ താരം ആദ്യ പത്തിനുള്ളിലെത്തുന്നത്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് കുല്‍ദീപ് കുതിച്ചെത്തിയത്.

ഇംഗ്ലിഷ് മണ്ണിലെ മൂന്ന് ഏകദിനങ്ങളിലായി കുല്‍ദീപ് 9 വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ കുല്‍ദീപിന്‍റെ 6 വിക്കറ്റ് പ്രകടനമാണ് ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 14ാം റാങ്കില്‍ നിന്ന് 8 സ്ഥാനങ്ങളാണ് കുല്‍ദീപ് മെച്ചപ്പെടുത്തിയത്.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ബൗളര്‍മാരുടെ പട്ടികയില്‍ മുന്നില്‍. അഫ്ഗാന്‍ അത്ഭുതം റഷീദ് ഖാന്‍ രണ്ടാം സ്ഥാനത്തും ഹസന്‍ അലി മൂന്നാം സ്ഥാനത്തും തുടരുന്നു. അതേ സമയം യൂസുവേന്ദ്ര ചഹാല്‍ രണ്ട് സ്ഥാനം നഷ്ടപ്പെടുത്തി പത്താം റാങ്കിലേക്ക് വീണു.

ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് മുന്നില്‍. ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറി നേടിയ ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. രോഹിത് ശര്‍മ്മ നാലാംസ്ഥാനത്തുണ്ട്.