ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരന്‍ ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റതിന് അറസ്റ്റിലായി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ലഖ്നൗ മത്സരത്തിന്റെ നൂറോളം ടിക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

ബെംഗളൂരു: ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റതുമായി ബന്ധപ്പെട്ട് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നൂറോളം ടിക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖര്‍ എന്നയാളാണ് പിടിയിലായത്. 15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ മറിച്ചു വിറ്റിരുന്നത്. ഒറിജിനല്‍ വിലയേക്കാള്‍ പലമടങ്ങ് അധികമാണിത്.

Add Asianetnews as a Preferred SourcegooglePreferred

ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്തിന്റെ പങ്ക്

ചന്ദ്രശേഖറിനെ ചോദ്യം ചെയ്തതില്‍ നിന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ഗണേഷ് പരീക്ഷിത്താണ് ടിക്കറ്റുകള്‍ നല്‍കിയതെന്ന് വ്യക്തമായി. ലാഭം വിഭജിച്ചെടുക്കാമെന്ന ധാരണയില്‍ ടിക്കറ്റുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗണേഷ് പരീക്ഷിത്ത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൂടാതെ, ചില സ്വകാര്യ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്കും ഈ അനധികൃത വില്‍പ്പനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിഐപി ടിക്കറ്റ് വിവാദവും തുടരുന്നു

ടിക്കറ്റ് കരിഞ്ചന്തയ്ക്ക് പുറമെ, വിഐപി പരിഗണനയെച്ചൊല്ലിയും കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ പുകയുകയാണ്. കര്‍ണാടകയിലെ എല്ലാ എംഎല്‍എമാര്‍ക്കും മൂന്ന് സൗജന്യ ടിക്കറ്റുകള്‍ വീതം നല്‍കുമെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രഖ്യാപനം നേരത്തെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാധാരണക്കാരായ ആരാധകര്‍ ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നത് വിഐപി സംസ്‌കാരം പ്രോത്സാഹിപ്പിക്കലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ബെംഗളൂരുവിലെ ഐപിഎല്‍ ടിക്കറ്റ് വിതരണത്തിലെ സുതാര്യതയില്ലായ്മയും അഴിമതിയും ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ടിക്കറ്റ് വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.

YouTube video player