റബാഡയെ ഐസിസി രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കി

ദുബായ്: കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഐസിസി രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കി. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അടുത്ത രണ്ട് ടെസ്റ്റുകളില്‍ റബാഡയ്ക്ക് കളിക്കാനാകില്ല. പെരുമാറ്റചട്ടത്തിലെ ലെവല്‍ രണ്ട് കുറ്റം ചുമത്തപ്പെട്ട റബാഡയ്ക്ക് മേല്‍ മൂന്ന് നെഗറ്റീവ് പോയിന്‍റുകളും മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഐസിസി വിധിച്ചിട്ടുണ്ട്. 

24 മാസത്തിനിടയില്‍ താരത്തിന് ലഭിച്ച നെഗറ്റീവ് പോയിന്‍റുകള്‍ എട്ടിലെത്തിയതാണ് വിലക്കിന് കാരണം. പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ തോളുകൊണ്ടിടിച്ചതാണ് വിവാദത്തിനാധാരമായ സംഭവം. ഇന്നിംഗ്സിന്‍റെ 52-ാം ഓവറില്‍ പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്മിത്തിനെ മനപൂര്‍വ്വം ഇടിക്കുകയായിരുന്നു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍.