ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുയെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും നേട്ടും. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ 10 വിക്കറ്റ് പ്രകടനത്തോടെ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനുമായി ഏഴു പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ അശ്വിനുള്ളത്.

കൊല്‍ക്കത്ത ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അശ്വിന് വീണ്ടും ഒന്നാം റാങ്കില്‍ തിരിച്ചെത്താനാകും. കഴിഞ്ഞ വര്‍ഷമാണ് അശ്വിന്‍ ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ തന്നെയാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തെത്തി. ആദ്യ പത്തിലുളള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവര്‍ മാത്രമാണ്.

ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായ അജിങ്ക്യാ രഹാനെ ആദ്യ പത്തില്‍ നിന്ന് പുറത്തായി .പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് രഹാനെ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം നേടി പരമ്പര നേടിയാല്‍ ഇന്ത്യന്‍ ടീമിന് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്.