ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും ചരിത്ര നേട്ടം. ബൗളര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഇതാദ്യമായി ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ പൂജാര ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. പോയവാരം പുറത്തിറക്കിയ റാങ്കിംഗില്‍ അശ്വിനൊപ്പം ജഡേജ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സില്‍ നിന്നുമായി ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയാണ് ജഡേജ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.

Scroll to load tweet…

റാഞ്ചി ടെസ്റ്റില്‍ അശ്വിന് രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്‌ത്താനായത്. അശ്വിനും ബിഷന്‍ സിംഗ് ബേദിയ്ക്കും ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ജഡേജ. നിലവില്‍ 899 റേറ്റിംഗ് പോയന്റുള്ള ജഡേജയ്ക്ക് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ തിളങ്ങാനായാല്‍ അശ്വിനുശേഷം 900 റേറ്റിംഗ് പോയന്റ് പിന്നിടുന്ന ഇന്ത്യന്‍ ബൗററെന്ന നേട്ടവും സ്വന്തമാവും. റാഞ്ചി ടെസ്റ്റിലെ മോശം പ്രകടനത്തോടെ 37 റേറ്റിംഗ് പോയന്റുകള്‍ നഷ്ടമായ അശ്വിന്‍ ഇപ്പോള്‍ 862 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന് തിരച്ചിടിയേറ്റു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ അശ്വിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ജഡേജ മൂന്നാം സ്ഥാനത്താണ്.

റാഞ്ചി ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ചുറിയാണ് പൂജാരയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 861 റേറ്റിംഗ് പോയന്റുമായി പൂജാര രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. അതേസമയം, റാഞ്ചി ടെസ്റ്റില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 941 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് മൂന്നാം സ്ഥാനത്ത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ് പട്ടിക