ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പുരുഷ ടീം പാക്കിസ്ഥാനോട് ദയനീയമായി തോറ്റതിന്റെ നാണക്കേട് മറയ്ക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യയുടെ നിലവിലെ ഫോം മാത്രമല്ല കണക്കുകളുടെ പിന്‍ബലവുമുണ്ട്. കാരണം ഇതുവരെ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും പാക് വനിതകള്‍ക്ക് ഇന്ത്യയുടെ പെണ്‍പുലികളെ കീഴടക്കാനായിട്ടില്ല. 9 തവണ ഏറ്റുമുട്ടിയതില്‍ 9 ഉം ഇന്ത്യ ജയിച്ചു.
2005ലാണ് വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യ-പാക് പോരാട്ടം നടന്നത്. അന്ന് ഇന്ത്യ 193 റണ്‍സിന് തോല്‍പ്പിച്ചു. 2006ല്‍ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇരുടീമുകളും മൂന്നുതവണ മാത്രമെ ഏറ്റുമുട്ടിയിട്ടുള്ളു. ഇതില്‍ മൂന്നിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
2009നുശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടിയത്. അന്നും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. പിന്നെയും നാലുവര്‍ഷം കഴിഞ്ഞ് 2017ല്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പമായി. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
