ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ കുറിച്ചത് ഒരു അപൂര്‍വ റെക്കോര്‍ഡ്. വനിതാ ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം(ഡിആര്‍എസ്)വിജയകരമായി ഉപയോഗിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

ദീപ്തി ശര്‍മയുടെ പന്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്‌വുമണ്‍ നതാലി സ്‌ക്രൈവറെ പിടികൂടിയ വിക്കറ്റ് കീപ്പര്‍ സുഷമാ വര്‍മ ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനായി ഡ‍ിആര്‍എസ് ആവശ്യപ്പെട്ടത്. ഡിആര്‍എസ് തീരുമാനം ഇന്ത്യക്ക് അനുകൂലമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281 റണ്‍സടിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 246 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.