മുംബൈ: വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. അടുത്ത വർഷം നടക്കൂന്ന ഐസിസി ഏകദിന ലോകപ്പിലാണ് ഇന്ത്യ പാരമ്പര്യ വൈരികളായ പാക്കിസ്ഥാനെ നേരിടുക. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് മത്സരം. ലോകകപ്പില്‍ പാക്കിസ്ഥാനോട് ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ഖ്യാതി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. 

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാനായിരുന്നു കിരീടം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഐപിഎല്‍ കഴിഞ്ഞ് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് ആരംഭിക്കുക. ഇതിനായി അടുത്ത വർഷത്തെ ഐപിഎല്‍ സമയക്രമത്തില്‍ ബിസിസിഐ മാറ്റംവരുത്തിയിട്ടുണ്ട്. മാർച്ച് 29 മുതല്‍ മെയ് 30 വരെയാണ് ഇന്ത്യന്‍ പ്രീമിയർ ലീഗ് മത്സരങ്ങള്‍ നടക്കുക.