2016ലെ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഐസ്‍‍ലന്‍ഡ്  ക്വാര്‍ട്ടറിലെത്തിയിരുന്നു

മോസ്ക്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായെത്തിയ മെസിയുടെ അര്‍ജന്‍റീനയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത് ഐസ്‍‍ലന്‍ഡ് ആയിരുന്നു. ആദ്യ മത്സരത്തില്‍ അവര്‍ മെസിപ്പടയുടെ വമ്പിനെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഐസ് ലന്‍ഡിനുവേണ്ടി ചരിത്രമെഴുതിയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍ ഹോള്‍ഗ്രിംസൺ രാജിവച്ചു.

സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന പരിശീലകന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി ഐസ്‍‍ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 2011ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഹോള്‍ഗ്രിംസന്‍റെ മികവില്‍ ഐസ്‍ലന്‍ഡ് ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യത നേടിയിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് തുടങ്ങിയ ഐസ്‍‍ലന്‍ഡ് ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. 2016ലെ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച്
ഐസ്‍‍ലന്‍ഡ് ക്വാര്‍ട്ടറിലെത്തിയത് ഹോള്‍ഗ്രിംസന്‍റെ പരിശീലന മികവിലായിരുന്നു.