പൂനെ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ ഓസ്‍ട്രേലയന്‍ ടീം ചീത്തവിളിക്കില്ല. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളെ ഓസീസ് ടീം പ്രകോപിപ്പിച്ചേക്കും. ഇന്ത്യന്‍ കളിക്കാരെ ചീത്തവിളിക്കാന്‍ ഒരു മടിയും കാട്ടില്ലെന്ന് ഓസ്ട്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അത്ഭുതപ്പെടുത്തുന്ന പ്രതികരണം.

പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ മികച്ച ഫോമിലേക്ക് ഉയരുന്ന വിരാട് കൊ‌ഹ്‌ലിയെ ഓസ്‍ട്രേലിയന്‍ ടീം അധിക്ഷേപിക്കില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. ഇന്ത്യ എക്കെതിരായ സന്നാഹ മത്സരത്തിനിടെ വാര്‍ണറും നഥാന്‍ ലിയോണും അധിക്ഷേപിച്ചതായി മലയാളി താരം ശ്രേയസ് അയ്യര്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊഹ്‌ലിക്കെതിരായ വാക്പോരില്‍ താത്പര്യമില്ലെന്ന പ്രസ്താവനയുമായി വാര്‍ണര്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

സ്‌പിന്നര്‍ അശ്വിനെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ ഓസീസ് ടീം തയ്യാറാക്കിയതായും വാര്‍ണര്‍ പറഞ്ഞു. തന്റെ കഴിവിന്റെ 60-70 ശതമാനം മാത്രമെ കഴിഞ്ഞ പരമ്പരകളില്‍ പുറത്തെടുത്തിട്ടുള്ളൂ എന്ന അശ്വിന്റെ പ്രസ്താവന ഓസീസ് കരുിതിയിരിക്കണമെന്നും വാര്‍ണര്‍ പറഞ്ഞു. അശ്വിന്റെ കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി. നാലു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.