കരിയറില്‍ ആയിരം മത്സരങ്ങളെന്ന നേട്ടത്തില്‍ കസിയാസ്
പോര്ട്ടോ: ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്കീപ്പര്മാരില് ഒരാളാണ് സ്പാനീഷ് ഇതിഹാസം ഐക്കര് കസിയാസ്. 16 വര്ഷം വീതം സ്പാനീഷ് ദേശീയ ടീമിലും റയല് മാഡ്രിഡിലും കസിയാസ് വലകാത്തു. 2015ല് റയല് വിട്ട താരം പോര്ച്ചുഗീസ് ക്ലബ് പോര്ട്ടോയ്ക്കായാണ് ഇപ്പോള് കളിക്കുന്നത്. ബെലനെന്സിനെതിരായ മത്സരത്തോടെ കരിയറില് ആയിരം മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിടാന് 36കാരനായ താരത്തിനായി.
എന്നാല് കസിയാസ് ചരിത്രം കുറിച്ച മത്സരത്തില് തോല്ക്കാനായിരുന്നു പോര്ട്ടോയുടെ വിധി. പോര്ട്ടോയില് കസിയാസിന്റെ 108-ാം മത്സരമായിരുന്നു ഇത്. റയലിനായി 725 മത്സരങ്ങളിലും സ്പെയിനിനായി 167 തവണയും കസിയാസ് ജഴ്സിയണിഞ്ഞിട്ടുണ്ട്. സ്പാനീഷ് കുപ്പായത്തില് കൂടുതല് മത്സരങ്ങളും വിജയവും സ്വന്തമാക്കാനും താരത്തിനായി.
സ്പെയിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന് കൂടിയാണ് കസിയാസ്. അണ്ടര് 17 ലോകകപ്പിലൂടെ വരവറിയിച്ച താരം ഇതിഹാസങ്ങളുടെ നിരയിലേക്ക് വളരുകയായിരുന്നു. ഇംഗ്ലീഷ് വമ്പന്മാരായ ലിവര്പൂള് കസിയാസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള് നടത്തുന്നതായാണ് ട്രോന്സ്ഫര് മാര്ക്കറ്റില് നിന്നുള്ള പുതിയ വാര്ത്തകള്.
