കായികപ്രേമികൾ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, ഇന്ത്യൻ കൗമാരങ്ങൾക്ക് ആവേശം പകരാൻ പ്രിയതാരം ഐ എം വിജയൻ ക്യാംപിലെത്തി. കേന്ദ്ര സർക്കാരിന്റെ നിരീക്ഷകൻ കൂടിയായ വിജയൻ കുട്ടികളുടെ പരിശീലനം കണ്ട്, വേണ്ട നിർദ്ദേശങ്ങളും നൽകി.

ഐ എസ് ബി ടി യിലെ ഒരു സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലനം. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളെ സ്വീകരിക്കാൻ കാത്തിരുന്നത് സ്കൂളിലെ തന്നെ ഫുട്ബോൾ ടീമംഗങ്ങളും സമീപ ക്ലബ്ബുകളിലെ താരങ്ങളും. പത്ത് മിനിട്ടിനുള്ളിൽ കോച്ചിന്റെ കർശന നിരീക്ഷണത്തിൽ പരിശീലനം തുടങ്ങി. ഇതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഫുട്ബോൾ നിരീക്ഷകനും കറുത്ത മുത്തുമായ ഐ എം വിജയന്റെ വരവ്. കൂടെ കാൾട്ടൺ ചാപ്മാനും. കുട്ടികളുടെ പരിശീലനം ശ്രദ്ധിച്ചും വേണ്ട നിർദേശങ്ങൾ നൽകിയും ഒരു മണിക്കൂർ.

കുട്ടികളെല്ലാം പൂർണ ഫിറ്റാണെന്നും ചാമ്പ്യൻഷിപ്പിനെ ആവേശത്തോടെ വരവേൽക്കാൻ കാത്തിരിക്കുകയാണെന്നും കോച്ച് ലൂയിസ് മാത്തോസ് പറഞ്ഞു.