കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ആരെ തെരഞ്ഞെടുക്കണമെന്നുള്ള കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. ഇപ്പോള്‍ ടീമിനാവശ്യം ഇന്ത്യക്കാരനായ ഒരു പരിശീലകന്‍ തന്നെയാണെന്നാണ് വിജയന്റെ അഭിപ്രായം. ഏഷ്യന്‍ കപ്പില്‍ ആദ്യ റൗണ്ട് കടക്കാതെ ഇന്ത്യ പുറത്തായപ്പോള്‍ പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ഗോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയന്‍ ഇക്കാര്യം പറഞ്ഞത്. 

സയ്ദ് നയീമുദ്ദീനും സുഖ്‌വിന്ദര്‍ സിങ്ങും കോച്ചായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ കാര്യങ്ങള്‍ എടുത്ത് പറഞ്ഞാണ് ഇന്ത്യന്‍ പരിശീലകനെന്ന ആവശ്യം ഉന്നയിക്കുന്നത്. അവരുടെ കാലങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 94ാം സ്ഥാനത്ത് എത്തിയതും അവരുടെ കാലത്താണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

കോണ്‍സ്റ്റന്റൈന് കീഴില്‍ ഇന്ത്യ മികച്ച ടീമായിരുന്നെന്നും വിജയന്‍ പറഞ്ഞു. എന്നാല്‍ ബഹ്‌റൈനെതിരെ മോശം കളിയാണ് ഇന്ത്യ പുറത്തെടുത്തത്. ബഹ്‌റൈനെതിരെ കളിച്ച രീതി തെറ്റായിപ്പോയി. അനസിന്റെ പരിക്കും രണ്ടാം പകുതിയില്‍ ആഷിഖ് കുരുണിയനെ പിന്‍വലിച്ചതും ഇന്ത്യക്ക് തിരിച്ചടിയായെന്നും വിജയന്‍ പറഞ്ഞു.