മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ വിരാട് കൊഹ്‌ലിയാണോ കേമന്‍ ? ചോദ്യം മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനോടാണെങ്കില്‍ അതിന് വ്യക്തമായ മറുപടിയുണ്ട്. കൊഹ്‌ലിയെ ഇപ്പോള്‍ സച്ചിനുമായി താരതമ്യം ചെയ്യാനാവില്ലെന്ന് പോണ്ടിംഗ് പറയുന്നു. കൊഹ്‌ലിയുടെ കരിയര്‍ ഫിനിഷ് ചെയ്തതിനുശേഷം നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം. ഇരുന്നൂറോളം ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍. കൊഹ്‌ലിയാകട്ടെ അമ്പതോളം ടെസ്റ്റുകളെ കളിച്ചിട്ടുള്ളു. നാളെ ഗുരുതരമായൊരു പരിക്ക് കൊഹ്‌ലിയുടെ കരിയറിനെതന്നെ ബാധിച്ചേക്കാം. ഈ സാഹചര്യത്തില്‍ ഇരുന്നൂറ് ടെസ്റ്റ് കളിച്ചിട്ടുള്ള താരവുമായി 50 ടെസ്റ്റ് കളിച്ചൊരു താരത്തെ താരതമ്യം ചെയ്യുന്നതില്‍ എന്തടിസ്ഥാനമാണുള്ളതെന്നും പോണ്ടിംഗ് ചോദിച്ചു.

നിലവിലെ യുവതാരങ്ങളില്‍ കൊഹ്‌ലിയാണോ കേമനെന്ന ചോദ്യത്തോടും സമാനമായ രീതിയിലായിരുന്നു പോണ്ടിംഗിന്റെ പ്രതികരണം. ജോ റൂട്ട്, കെയ്ന്‍ വില്യാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, വിരാട് കൊഹ്‌ലി എന്നിവര്‍ സമകാലീന ക്രിക്കറ്റിലെ മികച്ച യുവതാരങ്ങളാണ്. കൊഹ്‌ലിക്ക് പ്രായം അനുകൂലമാണ്. ഐപിഎല്ലില്‍ നാലു സെഞ്ചുറി അടിച്ച കൊഹ്‌ലിയുടെ പ്രകടനം മറക്കാനാവില്ല.

കൂട്ടത്തില്‍ ഏറ്റവും മികച്ചവനാവണമെന്ന കൊഹ്‌ലിയുടെ മനോഭാവവും നല്ലതാണ്. സ്മിത്തും വില്യാസണും ഇതേ ഗണത്തില്‍പ്പെടുന്നവരാണ്. ഇവരില്‍ ആരാണ് തങ്ങളുടെ കരിയറിനെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആരാണ് കേമനെന്നകാര്യവുമെന്നും പോണ്ടിംഗ് പറഞ്ഞു. സ്വന്തം സംസ്ഥാനമായ ടാസ്മാനിയയുടെ ബ്രാന്‍ഡ് അംബാസഡറായാണ് പോണ്ടിംഗ് ഇന്ത്യയിലെത്തിയിരിക്കുന്നത്.