സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. പൂജാര 193 റണ്‍സും പന്ത് പുറത്താകാതെ 159 റണ്‍സുമെടുത്തു. ഇതോടെ വിഖ്യാതമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ആദരം ലഭിച്ചിരിക്കുന്നു ഇരു താരങ്ങള്‍ക്കും.

സിഡ്‌നിയില്‍ സെഞ്ചുറിയോ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റോ രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റോ നേടുന്ന താരങ്ങളെ അദരിക്കുന്ന പതിവുണ്ട്. ഡ്രസിംഗ് റൂമിലേക്കുള്ള വഴിയിലുള്ള വിഖ്യാത ഹോണേര്‍സ് ബോര്‍ഡില്‍ ഈ താരങ്ങളുടെ ഒപ്പ് രേഖപ്പെടുത്തും. മൂന്നാം ദിനം മഴപെയ്ത് മത്സരം തടസപ്പെട്ടതോടെ താരങ്ങള്‍ക്ക് ഒപ്പിടാനുള്ള അവസരമൊരുങ്ങി.

ഇരുവരുടെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സിഡ്‌നിയില്‍ ടെസ്റ്റ് കരിയറിലെ 18-ാം സെഞ്ചുറിയാണ് പൂജാര നേടിയത്. പന്ത് രണ്ടാം സെഞ്ചുറിയും. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി.