സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങവെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഓസ്‌ട്രേലിയന്‍ കാണികള്‍ കൂക്കിവിളിച്ചിരുന്നു. പരമ്പരയില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ നായകനെ ഓസ്‌ട്രേലിയന്‍ കാണികള്‍ അപമാനിക്കുന്നത്. നേരത്തെ അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ ടെസ്റ്റിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.

വീണ്ടും കാണികള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചതോടെ ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. കോലിയെ അപമാനിക്കുന്നത് കാണാന്‍ താല്‍പര്യപ്പെടുന്നില്ല. ക്രിക്കറ്റിനെ ബഹുമാനത്തോടെ പിന്തുണയ്ക്കാന്‍ ഓസീസ് ആരാധകരോട് ആവശ്യപ്പെടുകയാണ്. ക്രിക്കറ്റാണ് വലുത്. അതിഥികളെ ബഹുമാനിക്കണം. അവര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കണം- ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സ് പ്രതികരിച്ചു

ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം കോലിയെ കാണികള്‍ കൂക്കിവിളിച്ചിരുന്നു. എന്നാല്‍ കരിയറില്‍ ഇതിനേക്കാള്‍ മോശം അനുഭവം കോലി നേരിട്ടിട്ടുണ്ടാകും എന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് അന്ന് പ്രതികരിച്ചത്.