സിഡ്നി: ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയ റിഷഭ് പന്ത് ചരിത്രമെഴുതി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. എം എസ് ധോണി അടക്കമുള്ള വിഖ്യാത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതെപോയ നേട്ടമാണിത്. 

സിഡ്‌നിയില്‍ 137 പന്തില്‍ നിന്നാണ് പന്ത് മൂന്നക്കം തികച്ചത്. സ്‌പിന്നര്‍ ലാംബൂഷാനെ ബൗണ്ടറി കടത്തിയായിരുന്നു പന്തിന്‍റെ ആഘോഷം.
ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് ഇന്നിംഗ്സിനിടെ സ്വന്തമാക്കി. 1959ല്‍ വിന്‍ഡീസിനെതിരെ മഞ്ജരേക്കര്‍ നേടിയ 118 റണ്‍സായിരുന്നു ഇതിനുമുമ്പുള്ള റെക്കോര്‍ഡ്.   

അരങ്ങേറ്റ പരമ്പരയില്‍ ഇംഗ്ലണ്ടിലായിരുന്നു പന്തിന‍്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലീഷ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടം അന്ന് പന്ത് സ്വന്തമാക്കിയിരുന്നു. ഓവലില്‍ 118 പന്തില്‍ നിന്നായിരുന്നു പന്തിന്‍റെ നൂറ്.