സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ എം എസ് ധോണിക്കും അര്‍ദ്ധ സെഞ്ചുറി. രോഹിത് 62 പന്തില്‍ 38-ാം അമ്പത് തികച്ചപ്പോള്‍ 93 പന്തിലാണ് ധോണിയുടെ 68-ാം അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ ഇതിന് പിന്നാലെ ധോണിയെ(51) എല്‍ബിയില്‍ കുടുക്കി ബെഹ്‌റന്‍ഡോഫ് തിരിച്ചടിച്ചു. 33 ഓവറില്‍ നാല് വിക്കറ്റിന് 141 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡണ്‍ ഡക്കായി. ബെഹ്‌റന്‍ഡോഫ് ആദ്യ ഓവറിലെ അവസാന പന്തില്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നായകന്‍ വിരാട് കോലിയാണ് അടുത്തതായി പുറത്തായത്. റിച്ചാര്‍ഡ്‌സ് എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത കോലിയുടെ ഇന്നിംഗ്സ് സ്റ്റോയിനിസിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറില്‍ അമ്പാട്ടി റായുഡുവും എല്‍ബിയില്‍ പുറത്തായി. 

എന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്ന് രോഹിത്- ധോണി സഖ്യം ഇന്ത്യന്‍ വളയം പിടിക്കുകയായിരുന്നു. ധോണി പതുക്കെ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസത്തോടെ ഓസീസ് ബൗളര്‍മാരെ നേരിടുകയായിരുന്നു രോഹിത്. നാല് വീതം ബൗണ്ടറിയും സിക്‌സുകളും രോഹിത് നേടിക്കഴിഞ്ഞു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ധോണി പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. 96 പന്തിലാണ് ധോണി 51 റണ്‍സെടുത്തത്. 

ഓസീസ് ഇന്നിംഗ്സ്

ടോസ് നേടി ബാറ്റിംഗാരംഭിച്ച ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. 73 റണ്‍ നേടിയ ഹാന്‍ഡ്‌സ്‌കോംപാണ് ടോപ് സ്‌കോറര്‍. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ അവര്‍ക്ക് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചി(6)ന്റെ വിക്കറ്റ് ഭുവനേശ്വര്‍ കുമാറെടുത്തപ്പോള്‍ അലക്‌സ് കാരി (24)യെ കുല്‍ദീപ് യാദവ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.  

പിന്നാലെ ഒത്തുച്ചേര്‍ന്ന ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (54) കൂട്ടുക്കെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സും ഓസീസിന് നിര്‍ണായക സംഭാവന നല്‍കി. ഇരുവരും 53 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു.  

എന്നാല്‍ കുല്‍ദീപിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ മാര്‍ഷ് ഷമിയുടെ കൈകളില്‍ ഒതുങ്ങി. പിന്നീടെത്തിയ മാര്‍കസ് സ്റ്റോയ്‌നിസി (47)ന്റെ ഇന്നിങ്‌സും റണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. അതിനിടയില്‍ ഹാന്‍ഡ്‌സ്‌കോംപിനെ ഭുവനേശ്വര്‍, ധവാന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ്, ഭുവി എന്നിവര്‍ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.