സിഡ്‌നി: ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്‍റെ അഭ്യാസപ്രകടനം വാര്‍ത്തയായിരുന്നു. ഇതേ സാഹസിക ചാട്ടം സിഡ്‌നി ടെസ്റ്റിനിടയിലും പന്ത് ആവര്‍ത്തിച്ചു. പ്രശസ്ത ഡബ്ലു ഡബ്ലു ഇ(WWE) താരം ഷോണ്‍ മൈക്കിള്‍സിന്‍റെ വിഖ്യാത 'കിക്ക് അപ്പ്' മൂവാണ് പന്ത് അനുകരിച്ചത്. രണ്ടാം ദിനം കുടിവെള്ളത്തിന് പിരിഞ്ഞപ്പോഴായിരുന്നു സംഭവം. 

ഇതിന്‍റെ ദൃശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ വൈറലായി. കൈകുത്തിയുയര്‍ന്ന് വായുവില്‍ നിവരുന്നതാണ് ഈ ചാട്ടം. 

മത്സരത്തില്‍ ബാറ്റുകൊണ്ട് പന്ത് തിളങ്ങിയിരുന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ പന്ത് പുറത്താകാതെ 159 റണ്‍സെടുത്തു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. രവീന്ദ്ര ജഡേജയ്ക്കൊപ്പം പന്ത് ഏഴാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് ഇന്ത്യയെ ഏഴിന് 622 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.