ക്വീന്‍സ്‌ലാന്‍ഡിന്‍റെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാനെ ഓസ്‌ട്രേലിയ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. പരമ്പരാഗതമായി സ്‌പിന്നര്‍മാരെ തുണയ്ക്കുന്നതാണ് സിഡ്‌നി പിച്ച്. 

സിഡ്‌നി: സിഡ്‌നി ടെസ്റ്റിന് മുന്‍പ് സ്‌പിന്‍ കരുത്തുകൂട്ടി ഓസ്‌ട്രേലിയ. ക്വീന്‍സ്‌ലാന്‍ഡിന്‍റെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാനെ ഓസ്‌ട്രേലിയ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. പരമ്പരാഗതമായി സ്‌പിന്നര്‍മാരെ തുണയ്ക്കുന്നതാണ് സിഡ്‌നി പിച്ച് എന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. മോശം ഫോമിലുള്ള മിച്ചല്‍ മാര്‍ഷിന് പകരക്കാരനായാവും മാര്‍നസ് കളിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒക്‌ടോബറില്‍ പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മാര്‍നസ് അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് ടെസ്റ്റുകളില്‍ ഏഴ് വിക്കറ്റും 22.42 ശരാശരിയില്‍ 81 റണ്‍സുമാണ് താരം നേടിയത്. യുഎഇയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഷെഫീല്‍ഡ് ഷീല്‍ഡില്‍ നിറംമങ്ങിയ താരത്തിന് ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 28.2 ശരാശരിയില്‍ 254 റണ്‍സ് മാത്രമാണ് ക്വീന്‍സ്‌ലാന്‍ഡിനായി നേടാനായത്.